കുഞ്ഞാരാധികയ്ക്ക് നൽകിയ വാക്ക് പാലിച്ച് തെന്നിന്ത്യൻ താരങ്ങളായ വിജയ്‌യും രശ്മികയും. താരങ്ങളുടെ വിവാഹം ക്ഷണിക്കാത്തിന് പരിഭവം പറഞ്ഞ കുഞ്ഞ് ആരാധികയെ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്നൊരുക്കി നൽകി താരദമ്പതികൾ. ഹൈദരാബാദിലെ തങ്ങളുടെ വീട്ടിലേക്കാണ് ഇരുവരും ആരാധികയെ ക്ഷണിച്ചത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം കുടുംബസമേതമായിരുന്നു ക്ഷണം.
വിജയ്‌യും രശ്മികയും നടന്റെ കുടുംബവും സ്വന്തം കുടുംബാംഗങ്ങളെപ്പോലാണ് ഇവരെ സ്വീകരിച്ചത്. രശ്മികയും വിജയ് ദേവരകൊണ്ടയും ചേർന്ന് പെൺകുട്ടിക്ക് ഭക്ഷണം വിളമ്പുന്നത് വിഡിയോയിൽ കാണാം. പ്ലേറ്റിൽ ലഡ്ഡു വിളമ്പിയ ശേഷം രശ്മിക കുട്ടിയുടെ നെറുകയിൽ ചുംബിച്ചു. പ്ലേറ്റിലേക്ക് ചോറ് വിളമ്പിയശേഷം വിജയ് ദേവരകൊണ്ടയും കുഞ്ഞാരാധികയ്ക്ക് സ്‌നേഹചുംബനം നൽകി.‘നമ്മൾ കൂട്ടുകാരല്ലേ’ എന്ന് കുട്ടി ഇരുവരോടും ചോദിക്കുമ്പോൾ സ്നേഹത്തോടെ താരങ്ങൾ മറുപടി നൽകുന്നുണ്ട്.
രശ്മികയുടെയും വിജയ്‍യുടെയും പ്രസന്നമായ പുഞ്ചിരിയും സൗഹാർദപരമായ പെരുമാറ്റവും കൂടുതൽ സന്തോഷമേകി. എല്ലാവരും വളരെ കരുതലുള്ളവരായിരുന്നു. സ്വന്തക്കാർക്കിടയിലാണുള്ളതെന്ന് തങ്ങൾക്ക് തോന്നിയെന്നും കുഞ്ഞാരാധിക വിഡിയോയ്‌ക്കൊപ്പം കുറിച്ചു.
ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് അന്ന് കുട്ടി വിവാഹത്തിൽ വിളിക്കാത്തതിലുള്ള പരിഭവം പങ്കുവെച്ചത്. വിഡിയോ വൈറലായതോടെ വിജയ് ദേവരകൊണ്ട കമന്റ് ചെയ്തിരുന്നു.
മധുരപലഹാരങ്ങളും ഉച്ചഭക്ഷണവുമെല്ലാം ഒരുക്കി വീട്ടിലേക്ക് വിളിക്കാമെന്നാണ് തന്റെ കുഞ്ഞാരാധികയോട് വിജയ് അന്ന് കമന്റിലൂടെ പറഞ്ഞത്.
















