ജില്ലയിൽ സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജ്ജിതമാക്കി. പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് ആരോഗ്യ മേഖലയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല രോഗലക്ഷണങ്ങളോടെ നിലവിൽ 51 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗവ്യാപനത്തിൻ്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം രോഗം പടർന്നതെന്ന നിഗമനത്തിൽ കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വ്യാപകമായ ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടന്നു വരികയാണ്.
















