വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും പഴകിയ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്ത വടകര ഓർക്കാട്ടേരിയിലെ ‘ഐ ബോൺ’ ഹോട്ടൽ ആരോഗ്യവിഭാഗം അടപ്പിച്ചു. പഞ്ചായത്ത് ലൈസൻസ് പോലുമില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നൂറോളം പഴകിയ പൊറോട്ടകൾ, കാലാവധി കഴിഞ്ഞ പാക്കറ്റ് പാലുകൾ, ഉപയോഗശൂന്യമായ ഫ്രൈഡ് ഒനിയൻ, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ, പഴകിയ തൈര് എന്നിവ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തു. നേരത്തെ നടത്തിയ പരിശോധനയിൽ ഹോട്ടലിലെ കിണർ വെള്ളത്തിൽ മാരകമായ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വെള്ളം ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഹോട്ടൽ അധികൃതർ ഇത് അവഗണിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പ്രാഥമികമായ ശുചിത്വ മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
















