പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അസംബന്ധമാണെന്നും രാവിലെ മുതൽ രാത്രി വരെ നുണകൾ പ്രചരിപ്പിക്കുന്ന ഒരു വ്യക്തിയായി പ്രതിപക്ഷ നേതാവ് അധഃപതിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. നുണ പറയുന്നതിൽ ആഗോളതലത്തിൽ തന്നെ സതീശന് ഒന്നാം സ്ഥാനം നൽകേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിന്റെ ഓരോ പ്രസ്താവനയും വസ്തുതകളുമായി ബന്ധമില്ലാത്തതാണെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. “നുണപറയുന്നതിന് ആരെങ്കിലും നൊബേൽ സമ്മാനം നൽകുന്നുണ്ടെങ്കിൽ അതിന് അർഹനായ വ്യക്തി വി.ഡി. സതീശനായിരിക്കും. ദിവസം തോറും എട്ടോ ഒൻപതോ നുണകളാണ് അദ്ദേഹം ചമയ്ക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകി സമയം കളയാനില്ല,” കാരാട്ട് റസാഖുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഭരണത്തുടർച്ചയുടെ മൂന്നാം ഘട്ടത്തിലേക്കുള്ള യാത്രയിലാണ് എൽ.ഡി.എഫെന്ന് എം.വി ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷമായി ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. വികസന കാര്യത്തിൽ സർക്കാരിന്റെ ട്രാക്ക് റെക്കോർഡ് ജനങ്ങൾക്കറിയാമെന്നും, അതുകൊണ്ടുതന്നെ അടുത്ത തവണയും എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















