രാജ്യത്തെ ഇടത്തരം വസ്‌തു ഇടപാടുകാർക്ക് ആശ്വാസമായി ആദായനികുതി ചട്ടങ്ങളിൽ സുപ്രധാന മാറ്റം. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്‌തു ഇടപാടുകൾക്ക് മാത്രമേ പാൻ (PAN) കാർഡ് നിർബന്ധമാക്കൂ. നിലവിൽ 10 ലക്ഷം രൂപയായിരുന്നു ഇതിന്റെ പരിധി. ചെറിയ ഇടപാടുകളെ നിരീക്ഷണ വലയത്തിൽ നിന്ന് ഒഴിവാക്കി, വലിയ സാമ്പത്തിക കൈമാറ്റങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഈ നീക്കം.
ഇൻഷുറൻസ് പോളിസി എടുക്കുന്ന ഘട്ടത്തിൽ തന്നെ പാൻ നിർബന്ധമാക്കാനുള്ള ആദായനികുതി വകുപ്പിന്റെ ആലോചന ഉപേക്ഷിച്ചു. കരട് ചട്ടത്തിൽ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തിൽ ഇത് ഒഴിവാക്കുകയായിരുന്നു. ഇതോടെ, ഒരു സാമ്പത്തിക വർഷം 50,000 രൂപയിൽ കൂടുതൽ പ്രീമിയം അടയ്ക്കുന്നവർ മാത്രം പാൻ വിവരങ്ങൾ നൽകിയാൽ മതിയെന്ന നിലവിലെ വ്യവസ്ഥ തുടരും.
പുതിയ ആദായനികുതി നിയമം (Income Tax Act, 2025) നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച ഇൻകം ടാക്സ് വെബ്സൈറ്റ് 2.0 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. നികുതിദായകർക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ‘കർ സാത്തി’ (Kar Saathi) എന്ന ചാറ്റ്‌ബോട്ട് സേവനവും വെബ്സൈറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.
















