കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുസ്‌ലിം ലീഗ് നേതാവ് എ. ഇർഷാദ്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൺവൻഷനിൽ വെച്ചാണ് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയത്.
ഒരു ജനപ്രതിനിധി എന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നും, അവരുടെ നാക്ക് ചാതുര്യം കൊണ്ടും മറ്റുമാണ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത് എന്ന് തുടങ്ങി മോശം പരാമർശങ്ങളാണ് ഇർഷാദ് പറയുന്നത്. അതോടൊപ്പം, രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകൻ അകപ്പെട്ട കഞ്ചാവുകേസിൽ അവർ എടുത്തിട്ടുള്ള നിലപാട്, എന്ന് പ്രതിഭയെ ലക്ഷ്യമിട്ട് ഇർഷാദ് പറയുന്നുണ്ട്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പുറത്തെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർപരാജയങ്ങൾ നേരിടേണ്ടിവന്നതിനെ കുറിച്ച് ലിജു വൈകാരികമായി നടത്തിയ പ്രതികരണവും ഇതിൽ കാണാൻ സാധിക്കും.
















