സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് നടന്ന വാർത്താസമ്മേളനത്തിനിടെ ഉയർന്ന ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. തനിക്ക് നേരെ ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ടെന്നും അത് കയ്യിൽ വെച്ചാൽ മതിയെന്നും അദ്ദേഹം കർശനമായ ഭാഷയിൽ പ്രതികരിച്ചു. എസ്ഡിപിഐയെക്കുറിച്ചുള്ള കാര്യങ്ങൾ തന്നോടല്ല, അവരോട് പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാത്തരം വർഗീയതകളെയും ഒരുപോലെ എതിർക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ഒരു വർഗീയ ശക്തിയുമായും തന്റെ പാർട്ടിക്ക് ബന്ധമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, ചില മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പിൻവലിച്ചതും എൽഡിഎഫ് സ്ഥാനാർത്ഥികൾ ആ വോട്ടുകൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതും സംബന്ധിച്ച കൃത്യമായ ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് വെക്കുമോ എന്ന ചോദ്യത്തോടും അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചു.
യുഡിഎഫിനാണ് ഇത്തരം സംഘടനകളുമായി വോട്ട് കച്ചവടമുള്ളതെന്നും തനിക്കെതിരെയുള്ള ചോദ്യങ്ങൾ മാധ്യമങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചോദ്യങ്ങൾ ആവർത്തിച്ച ഒരു മാധ്യമപ്രവർത്തകനോട് “ഇയാൾക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ” എന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചത് വാർത്താസമ്മേളനത്തിൽ നാടകീയമായ രംഗങ്ങൾക്ക് വഴിതെളിച്ചു. മാധ്യമപ്രവർത്തകർ ഉന്നയിക്കുന്ന കാര്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
















