തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും. ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് താരം മത്സരിക്കുകയെന്ന് പാർട്ടി വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. ഇതോടൊപ്പം പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ടു. 24 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ടിവികെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ഉറ്റുനോക്കിയിരുന്ന വിജയ്ലെ രാഷ്ട്രീയ പ്രവേശനത്തിന് ഇതോടെ ഔദ്യോഗികമായ പോരാട്ടവീര്യം കൈവന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കാര്യത്തിലും വിജയ് വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. 29 വയസ്സ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത യുവാക്കൾക്ക് പ്രതിമാസം 4000 രൂപ വീതം തൊഴിലില്ലായ്മ വേതനം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യുവാക്കളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം വോട്ടർമാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പെരമ്പൂർ മണ്ഡലത്തിൽ വിജയ് നേരിട്ട് എത്തുന്നതോടെ അവിടെ പോരാട്ടം കടുക്കുമെന്നുറപ്പായി. ഡിഎംകെ നേരിട്ട് തന്നെ പെരമ്പൂരിൽ മത്സരത്തിനിറങ്ങുന്നത് മണ്ഡലത്തെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ മണ്ഡലത്തിന് തൊട്ടടുത്താണ് പെരമ്പൂർ എന്നത് രാഷ്ട്രീയ പോരാട്ടത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്നു. ഭരണകക്ഷിയായ ഡിഎംകെയും പുതുതായി എത്തിയ ടിവികെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ചെന്നൈ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതേസമയം, ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഡിഎംകെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും.
















