കൊല്ലത്തു കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വയോധികയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പോലീസ്. തൃക്കരുവ ഞാറക്കൽ ആനചുട്ട മുക്കിൽ കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയുടെ (62) മരണമാണ് കൊലപാതകം എന്ന് തെളിഞ്ഞത്. സംഭവത്തിൽ പൊന്നമ്മയുടെ മകൻ വർഗീസിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വീട്ടുപറമ്പിലുള്ള കിണറ്റിൽ പൊന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിനായിരുന്നു കേസ് എടുത്തത്. പൊന്നമ്മയുടെ മരണത്തിന് ശേഷം വർഗീസ് താൻ ആണ് അമ്മയെ കൊന്നതെന്ന് ചിലരോട് പറയുകയുണ്ടായി. അങ്ങനെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർഗീസ്സിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവ ദിവസം വർഗീസും പൊന്നമ്മയും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിൽ ദേഷ്യം വന്ന വർഗീസ് പൊന്നമ്മയെ കിണറ്റിൽ തള്ളി ഇട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
















