പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചുവെന്ന ഗൗരവകരമായ ആരോപണത്തിലാണ് നടപടി. കേസിലെ അതിജീവിതയായ യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതോടെ കേസിൽ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് മുറുകുകയാണ്.
ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോയിരിക്കുകയാണ്. പ്രതി കേരളം വിട്ടതായാണ് പോലീസ് സൂചന നൽകുന്നത്. ഒളിവിൽ കഴിയുന്ന പ്രശോഭ് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വിവരമുണ്ട്. ഫോൺ രേഖകളും സന്ദേശങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണ സംഘം നീങ്ങുന്നത്.
















