കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കിണാശ്ശേരിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലൊന്നിൽ രോഗം സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.
രോഗം സ്ഥിരീകരിച്ച പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ ഇന്ന് ആരംഭിക്കും.
ഇതിനായി രൂപീകരിച്ച പ്രത്യേക ദ്രുതകർമസേന മാങ്കാവ്, പൊക്കുന്ന്, കിണാശ്ശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര തുടങ്ങിയ മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പുതിയ സാഹചര്യത്തിൽ, രോഗം പടരാതിരിക്കാൻ വളർത്തുപക്ഷികളെ പുറത്തേക്ക് വിടുകയോ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷികൾ അസ്വാഭാവികമായി ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
നേരത്തെ മാർച്ച് മാസത്തിൽ ബാലുശ്ശേരി, ഒളവണ്ണ, നല്ലളം തുടങ്ങിയ ഭാഗങ്ങളിൽ എച്ച്5 എൻ1 ബാധ സ്ഥിരീകരിച്ചിരുന്നു. അന്ന് മൂവായിരത്തോളം പക്ഷികളെ ദ്രുതകർമസേന കൊന്നൊടുക്കിയിരുന്നു.
















