പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ഭവനനിർമ്മാണ കണക്കുകൾ സംബന്ധിച്ച് പ്രതിപക്ഷം പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. 2016-ൽ ഉമ്മൻചാണ്ടി തന്നെ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം നാലായിരത്തോളം വീടുകൾ മാത്രമാണ് അന്ന് നിർമ്മിക്കപ്പെട്ടത്. വസ്തുതകൾ ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും നുണ പറയുന്നതാരെന്ന് ജനങ്ങൾക്ക് വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ഇടതുമുന്നണി നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എൽ.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെയും പ്രത്യേക വിഭാഗങ്ങളെയും ലക്ഷ്യം വെച്ചുള്ള ഈ നീക്കം വലിയ നീതികേടാണെന്നും ആർ.എസ്.എസിനെ സംരക്ഷിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭേദഗതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കി. മുൻപ് കോൺഗ്രസ് സർക്കാർ ഈ നിയമം കൊണ്ടുവന്നപ്പോൾ ആർ.എസ്.എസിനെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















