കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് യു.ഡി.എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കേരളത്തിലെ മികച്ച രീതിയിൽ പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് ഇവിടെ തൊഴിൽ ലഭിക്കുന്നില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. നഴ്സുമാർക്ക് തുച്ഛമായ ശമ്പളമാണ് നൽകുന്നത്. ഇത് അവരെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുടിയേറാൻ നിർബന്ധിതരാക്കുന്നു. വയനാട്ടിലെ ഇഞ്ചി കർഷകർ പോലും മികച്ച ജീവിത സാഹചര്യങ്ങൾ തേടി കർണാടകയിലേക്ക് പോകേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തോടുള്ള സർക്കാരിന്റെ അവഗണനയെയും അവർ രൂക്ഷമായി വിമർശിച്ചു.
അധികാരത്തിൽ തുടരാൻ സി.പി.എം ബി.ജെ.പിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴടങ്ങിയിരിക്കുകയാണ്. “ഈ നാട് ഭരിക്കുന്നത് ഭീരുക്കളാണ്” എന്ന് വിശേഷിപ്പിച്ച പ്രിയങ്ക, പിണറായി വിജയൻ സ്വയം രക്ഷിക്കാൻ മോദിയെ പ്രീണിപ്പിക്കുമ്പോൾ, മോദി അമേരിക്കൻ-ഇസ്രായേൽ താല്പര്യങ്ങൾക്ക് വഴങ്ങുകയാണെന്നും തുറന്നടിച്ചു.
അദാനി ഗ്രൂപ്പ് കേരളത്തിന്റെ തീരങ്ങൾ കൈക്കലാക്കുമ്പോൾ സംസ്ഥാന സർക്കാർ അതിന് കൂട്ടുനിൽക്കുകയാണ്. അമേരിക്കയുമായുള്ള പുതിയ കരാറുകൾ പ്രകാരം ഇന്ത്യക്ക് എന്തുചെയ്യാനും ഇനി വാഷിംഗ്ടണിന്റെ അനുമതി വേണ്ടിവരുന്ന അവസ്ഥയാണെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നും അവർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
















