മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സീനിയർ വനിതാ ഗൈനക്കോളജിസ്റ്റിനെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി. സീനിയർ വനിതാ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് ഡോക്ടറുടെ പെരിന്തൽമണ്ണയിലെ വീട്ടിലെ പരിശോധനാമുറിയിൽ വെച്ച് രണ്ടു സ്ത്രീകളടക്കം നാലുപേർ ചേർന്ന് മർദിച്ചത്.
കഴിഞ്ഞ 19-ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ച സ്ത്രീ പ്രസവാനന്തര രക്തസ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് ഇവർ 23-ന് മരിക്കുകയുംചെയ്തു. ഇതിന്റെ പ്രതികാരം ആണ് ആക്രമണത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്.
ഡോക്ടർ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ മുഖം പൂർണമായി മറയ്ക്കുന്ന രീതിയിൽ പർദ്ദ ധരിച്ചെത്തിയ രണ്ടു സ്ത്രീകൾ അടക്കം ഉള്ള നാലുപേർ ചേർന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മൂക്കിനുൾപ്പെടെ പരിക്കേറ്റ ഡോക്ടർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം തടയാനായി എത്തിയ ഡോക്ടറുടെ വീട്ടിലെ സഹായിയായ സ്ത്രീയ്ക്കും വനിതാ ജീവനക്കാരിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പെരിന്തൽമണ്ണ പോലീസ് അറിയിച്ചു. ഡോക്ടറെ ഉപദ്രവിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമരസമിതി പെരിന്തൽമണ്ണയിൽ ഒ.പി. ബഹിഷ്കരിച്ച് സമരം പ്രഖ്യാപിച്ചു.
















