പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗിൽ എഫ്‌സിആർഎ നിയമഭേദഗതി ഉൾപ്പെടുത്തില്ലെന്ന് കേന്ദ്ര സർക്കാർ. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കും നടപടികൾക്കും കൂടുതൽ സമയം ആവശ്യമായതിനാലാണ് മറ്റ് ബില്ലുകൾ തൽക്കാലം ഒഴിവാക്കുന്നത്.
ബജറ്റ് സമ്മേളനം ഏപ്രിൽ 16 വരെ നീട്ടിയ സാഹചര്യത്തിൽ, അന്നേ ദിവസം സഭ ചേരുമ്പോൾ വനിതാ സംവരണ ബില്ലിലെ നിർണ്ണായക മാറ്റങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക.
2029 മുതൽ സീറ്റുകൾ വർദ്ധിപ്പിച്ച് കൊണ്ട് സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പിന്തുണ ഉറപ്പാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.
പ്രത്യേക സിറ്റിംഗ് മെയ് അല്ലെങ്കിൽ ജൂൺ മാസത്തിലേക്ക് മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിറ്റിംഗിൽ എഫ്‌സിആർഎ ബിൽ ചർച്ചയ്ക്കെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും വനിതാ സംവരണ ബില്ലിന് മാത്രമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് ദ്രുതഗതിയിലുള്ള ഈ നീക്കം. മറ്റു ബില്ലുകൾ ചർച്ച ചെയ്യാൻ നിലവിൽ സമയമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
















