ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക നല്‍കിയ സാവകാശം 48 മണിക്കൂര്‍ കൂടി മാത്രമെന്ന് ട്രംപ് പറഞ്ഞു. വഴങ്ങിയില്ലെങ്കില്‍ ഇറാന്റെ മേല്‍ ദുരിതപ്പെരുമഴയെന്നും മുന്നറിയിപ്പുണ്ട്. ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തിന് സമീപം യുഎസ് -ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ആണവനിലയത്തിന് കേടുപാടില്ലെന്ന് ഇറാന്‍ അറിയിച്ചു. നാലാം തവണയാണ് ബുഷ്ഹെര്‍ ആണവനിലയത്തിന് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ഇറാനിലെ പ്രവര്‍ത്തനക്ഷമമായ ഒരേയൊരു ആണവനിലയമാണ് ബുഷെഹര്‍.
അതേസമയം, പാകിസ്താന്റെ മധ്യസ്ഥ്യത്തില്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചര്‍ച്ചയില്‍ നിന്നും ഇറാന്‍ പിന്മാറി. വെടിവച്ചിട്ട രണ്ട് അമേരിക്കന്‍ പോര്‍വിമാനങ്ങളിലെ രണ്ട് പൈലറ്റുകളെ രക്ഷിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എത്ര മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചുവെന്ന് അമേരിക്കയ്ക്ക് കൃത്യമായ ധാരണയില്ലെന്നാണ് യുഎസ് ഇന്റലിജന്‍സിന്റെ പ്രതികരണം.പാകിസ്താന്‍ മധ്യസ്ഥ്യത്തിലുള്ള ചര്‍ച്ചകളില്‍ നിന്നും ഇറാന്‍ പിന്മാറിയതായും അമേരിക്കയുടെ 15 ഇന നിബന്ധനകള്‍ തള്ളിയതായും ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 48 മണിക്കൂര്‍ നീളുന്ന വെടിനിര്‍ത്തലിനുള്ള അമേരിക്കന്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളി. ഇന്നലെ ഇറാന്‍ വെടിവച്ചിട്ട അമേരിക്കയുടെ എഫ്-15, എ-10 പോര്‍വിമാനങ്ങളിലെ രണ്ട് പൈലറ്റുകളെ രക്ഷിച്ചതായാണ് വിവരം. എഫ്-15ല്‍ ഉണ്ടായിരുന്ന ഒരു സൈനികനെ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
Story Highlights : Donald Trump issues 48-hour ultimatum to Iran over Strait of Hormuz
















