ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശിൽ നിന്ന് യുവാവിനെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കുശിനഗർ ജില്ലയിലെ പദ്രൗണ ടൗൺ ചാവാനി സ്വദേശിയായ റിസ്വാൻ അഹമ്മദ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ വലയിലായത്.
ഡൽഹി പോലീസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത ഒരു കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം ഉത്തർപ്രദേശിലെത്തിയത്. ഇൻസ്പെക്ടർ നിശാന്ത് ദഹിയയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക സംഘം പദ്രൗണയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. പ്രാദേശിക പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ റിസ്വാന്റെ ഒളിത്താവളം വളഞ്ഞാണ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിന് പിന്നാലെ റിസ്വാൻ അഹമ്മദിന്റെ താമസസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തി. ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, മറ്റ് പ്രധാന ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയിലെ വിവരങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റ് കണ്ണികളെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് സ്പെഷ്യൽ സെല്ലിന്റെ പ്രതീക്ഷ.
അറസ്റ്റ് ചെയ്ത റിസ്വാൻ അഹമ്മദിനെ ഡൽഹിയിലേക്ക് മാറ്റിയതായി പോലീസ് സ്ഥിരീകരിച്ചു. ഡൽഹിയിലെ സ്പെഷ്യൽ സെൽ ആസ്ഥാനത്ത് വെച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്യും.
















