കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന രണ്ട് ദിവസങ്ങളിലേക്ക് കടക്കുന്നു. വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള അവസാനഘട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ മുന്നണികളും. വികസന വിഷയങ്ങളേക്കാൾ വിവാദങ്ങൾ നിറഞ്ഞാടിയ പ്രചാരണ രംഗത്ത് വരും മണിക്കൂറുകൾ ഏറെ നിർണായകമാണ്.
എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രോഗ്രസ് കാർഡ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കും. സർക്കാർ നടപ്പിലാക്കിയ വാഗ്ദാനങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് പ്രകാശനം ചെയ്യും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം നടക്കും.
കഴിഞ്ഞ ഒമ്പത് വർഷങ്ങളിലും സർക്കാർ പ്രഖ്യാപനങ്ങളുടെ വാർഷിക പുരോഗതി വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുകൾ എൽഡിഎഫ് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.
















