തിരുവനന്തപുരം കാട്ടാക്കടയിൽ യുവതി വീട്ടില്‍വച്ച് പ്രസവിച്ച കുഞ്ഞ് മരിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭം അറിഞ്ഞില്ലെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നുവെന്നും കഠിനമായ വയറുവേദനയുണ്ടെന്ന് പറഞ്ഞതായും ഇയാൾ പറയുന്നു. മുറിയിൽ രക്തക്കറ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു. 21 വയസ്സുകാരിയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കുഞ്ഞിന്റെ ദേഹത്തെ മുറിവുകളാണ് പൊലീസിനെ സംശയത്തിലാക്കിയിരിക്കുന്നത്. കാട്ടാക്കട പോലീസ് ആശുപത്രിയിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
















