കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ആവേശകരമായ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിൽ സംസ്ഥാന – ദേശീയ നേതാക്കളെ രംഗത്തിറക്കി ശക്തി പ്രകടിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇത്തവണത്തെ പ്രചാരണത്തിന് ശേഷം നാളെ നിശബ്ദ പ്രചാരണവും മറ്റന്നാൾ വോട്ടെടുപ്പും നടക്കും. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
പ്രചരണത്തിന് ദിവസം കുറവായിരുന്നതിനാല്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വാഹന പര്യടനം തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചും പ്രമുഖ വ്യക്തികളെ കണ്ടുമുള്ള പ്രചാരണമാണ് തുടരുന്നത്.
ഭരണത്തുടർച്ചയും അട്ടിമറി വിജയങ്ങളും ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. വികസന നേട്ടങ്ങളും തെക്കൻ കേരളത്തിലെ സ്വാധീനവും വോട്ടായി മാറുമെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു.
എന്നാൽ ശബരിമല വിഷയവും സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും തങ്ങളെ അധികാരത്തിലേറ്റുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. അതേസമയം, ഇത്തവണ കേരളത്തിൽ ‘കറുത്ത കുതിരകളാകാൻ’ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
അതേസമയം സുരക്ഷാ ക്രമീകരണങ്ങൾക്കായി പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്.
















