തന്ത്രപ്രധാനമായ ഹോർമോസ് കടലിടുക്ക് തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം യുദ്ധഭീതിയിലേക്ക് നീങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തെ പ്രധാന ഊർജ്ജനിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യചങ്ങല’ തീർക്കാൻ യുവജനങ്ങളോട് ഇറാൻ ആഹ്വാനം ചെയ്തു.
ആഗോള ഷിപ്പിംഗ് പാതയായ ഹോർമോസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കുള്ളിൽ (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30) തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ പശ്ചാത്തലത്തിലാണ് കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന ഇറാനിയൻ യുവജനതയോട് പ്രധാന ഊർജ്ജനിലയങ്ങൾക്ക് സമീപം അണിനിരക്കാൻ കായിക-യുവജന മന്ത്രാലയം നിർദ്ദേശം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രതിഷേധം ആരംഭിക്കും.
രാജ്യത്തെ വിവിധ യുവജന സംഘടനകളും സർവ്വകലാശാലാ വിദ്യാർത്ഥികളും മുന്നോട്ടുവെച്ച ആശയമാണ് ഈ പ്രതിഷേധമെന്ന് ഇറാൻ യുവജനകാര്യ ഡെപ്യൂട്ടി അലിരേസ റഹീമി വ്യക്തമാക്കി. ‘തിളക്കമാർന്ന ഭാവിക്ക് വേണ്ടിയുള്ള ഇറാനിയൻ യുവതയുടെ മനുഷ്യചങ്ങല’ എന്നാണ് ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും നിശ്ചയദാർഢ്യവും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനും, ദേശീയ സ്വത്തുക്കൾ സംരക്ഷിക്കാനുമുള്ള യുവതയുടെ പ്രതിബദ്ധതയുടെ അടയാളമായി ഈ മനുഷ്യകവചം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, നിശ്ചിത സമയത്തിനകം സമാധാന കരാറിലെത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന കടുത്ത നിലപാടിലാണ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് അന്ത്യശാസനം നൽകിയത്. വരാനിരിക്കുന്ന ആക്രമണ നീക്കത്തെ ‘പവർ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെയാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. മേഖലയിൽ വൻതോതിലുള്ള സൈനിക വിന്യാസവും അമേരിക്ക ആരംഭിച്ചിട്ടുണ്ട്.
















