ആന്ധ്രാപ്രദേശിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ ഭാര്യയുടെ കാമുകൻ മകന്റെ മുന്നിലിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ഗാന്ധിയെയാണ് (45) ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലു അഞ്ച് വയസുകാരനായ മകന്‍റെ മുന്നിൽ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലായിരുന്നു സംഭവം. അടുത്തിടെയാണ് തിരുപ്പതി സ്വദേശിയായ ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് ഭാര്യ രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം ഇറങ്ങി പോയത്. ഭാര്യയെ കാണാതായതോടെ അവരെ അന്വേഷിച്ചാണ് ഇയാൾ ആന്ധ്രാപ്രദേശിൽ എത്തുന്നത്. തുടർന്ന് രാസാത്തി അന്നമയ്യ ജില്ലയിൽ ഉണ്ടെന്നു മനസിലാക്കി ഗാന്ധി മകനുമായി ഇവിടെ എത്തുകയായിരുന്നു.
അങ്ങനെ അന്വേഷണത്തിനൊടുവിൽ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ നേരിട്ടുകണ്ടു. തുടർന്ന് ഇയാൾ രാസാത്തിയെ കണ്ടുപിടിക്കാൻ സഹായിക്കാമെന്ന് പറഞു ഗാന്ധിയെയും മകനെയും വനമേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നരസിംഹലുവിന് ഒപ്പം രണ്ട് കൂട്ടാളികളും ഉണ്ടായിരുന്നു. തുടർന്ന് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചുവയസ്സുള്ള മകന്റെ മുന്നിലിട്ടായിരുന്നു കൊടും ക്രൂരത.
അച്ഛനെ ഉപദ്രവിക്കുന്ന കണ്ട കുട്ടി ഓടി രക്ഷപെട്ടു കുറ്റികാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ശേഷം പ്രതികൾ അവിടുന്ന് പോയ ശേഷം രാത്രി മുഴുവൻ അഞ്ചുവയസ്സുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കാട്ടിൽ നിന്നും കുട്ടി പുറത്തെത്തി ഗ്രാവവാസികളോട് വിവരം പറഞ്ഞതോടെയാണ് ക്രൂര കൊലപാതകം പുറത്തറിഞ്ഞത്.
കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതി നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം മാത്രം കൂടുതൽ കാര്യം അറിയാൻ സാധിക്കു.
















