അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. കാസർഗോഡ് മോഗറൽ മലയൻ വീട്ടിൽ അബ്ദുൽ റസാക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒൻപതും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.
പെരുമ്പാവൂരിലെ ഒരു വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു അബ്ദുൽ റസാക്കും സുഹൃത്തുക്കളും. ഇതേ കെട്ടിടത്തിന് സമീപം താമസിക്കുന്ന അതിഥിത്തൊഴിലാളി കുടുംബത്തിലെ കുട്ടികളെയാണ് ഇയാൾ ലക്ഷ്യം വെച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് വീട്ടിലെത്തിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. കെട്ടിട നിർമ്മാണത്തൊഴിലാളിയായ ഇയാൾ ഡ്രൈവിംഗ്, തടിപ്പണി, കയറ്റിറക്ക് തുടങ്ങിയ ജോലികളും ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതി കുട്ടികളെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്ത് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പ്രതിയുടെ സുഹൃത്ത് വിവരം ഉടൻ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. സി.ഡബ്ല്യു.സി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വിശദമായ മൊഴിയെടുത്ത ശേഷം പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















