മലയാള സിനിമയ്ക്ക് പുത്തൻ വിജയം സമ്മാനിച്ചിരിക്കുകയാണ് ‘വാഴ 2’. ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിലാണ് വാഴയുടെ ഈ നേട്ടം കൈവരിക്കുന്നത്. വരും ദിവസങ്ങളിലും സിനിമയുടെ കളക്ഷൻ വർദ്ധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരാണ് വാഴ 2ലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ അഭിനയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
വാഴ 2 തിയറ്ററിൽ മുന്നേറുന്നതിനിടെ നടൻ നസ്ലിനെയും ഹാഷിറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരുടേയും ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് നമ്പറുകൾ താരതമ്യം ചെയ്തു കൊണ്ടുള്ളതാണ് ഒരു പോസ്റ്റ്. ഹാഷിറിന് 3.1 മില്യൺ ഫോളോവേഴ്സ് ഉള്ളപ്പോൾ നസ്ലിന് അത് 2.5 മില്യൺ ആണ്. ‘ഇൻസ്റ്റാഗ്രാമിൽ നസ്ലിനെ പിന്നിലാക്കി ഹാഷിർ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകൾ വരുന്നത്.
‘അടുത്ത മമ്മൂട്ടിയോ മോഹൻലാലോ’ എന്ന് തലക്കെട്ട് കൊടുത്ത് ഇരുവരുടേയും ഫോട്ടോകൾ പ്രചരിക്കുന്നുണ്ട്. ചിലർ നസ്ലിനും ഹാഷിറിനും ഒപ്പം സന്ദീപിനെയും ഉൾപ്പെടുത്തി താരതമ്യം ചെയ്യുന്നുണ്ട്. പോസ്റ്റുകൾ വലിയതോതിൽ വന്നതോടെ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ‘വെറുതെ കുത്തിത്തിരിച്ച് ഉണ്ടാക്കല്ലേ’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ‘നസ്ലിൻ ഇൻസ്റ്റാഗ്രാം ക്രിയേറ്റർ അല്ലെന്നും ഹാഷിർ അതായത് കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം കൂടും. ആവശ്യമില്ലാതെ താരമ്യം ചെയ്ത് ഹേയ്റ്റ്സ് ഉണ്ടാക്കരുത്’, എന്നും ഇവർ പറയുന്നുണ്ട്. അവർ അവർക്ക് കിട്ടുന്ന അവസരങ്ങൾ അഭിനയിച്ച് മിടുക്കരാകട്ടെ എന്ന് പറയുന്നവരും ധാരാളമാണ്.
















