തെരഞ്ഞെടുപ്പ് ആവേശത്തിനിടെ പൂഞ്ഞാർ മണ്ഡലത്തിലെ കൂവപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തൂങ്കലും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റം. എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസിന്റെ സ്ഥാനത്തെച്ചൊല്ലിയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെച്ചൊല്ലിയുമാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പോളിംഗ് ബൂത്തിൽ നിന്ന് പാലിക്കേണ്ട നിശ്ചിത ദൂരപരിധി ലംഘിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇത് നീക്കം ചെയ്യാൻ ശ്രമിച്ചതാണ് തർക്കത്തിന് ആധാരമായത്.
സംഭവസ്ഥലത്തെത്തിയ എം.എൽ.എ കൂടിയായ സെബാസ്റ്റ്യൻ കുളത്തൂങ്കൽ പോലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ ‘എടോ’ എന്ന് അഭിസംബോധന ചെയ്ത എം.എൽ.എ, തന്റെ റാങ്ക് ഡി.ജി.പിക്ക് മുകളിലാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും ഇതിനപ്പുറവും ജീവിതമുണ്ടെന്നുമുള്ള രീതിയിലുള്ള ഭീഷണിയുടെ സ്വരവും എം.എൽ.എയുടെ സംസാരത്തിലുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിക്കൊള്ളാൻ പോലീസിനെ അദ്ദേഹം പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.
എന്നാൽ എം.എൽ.എയുടെ സമ്മർദ്ദത്തിന് വഴങ്ങാൻ പോലീസ് ഉദ്യോഗസ്ഥൻ തയ്യാറായില്ല. നിയമം ലംഘിച്ചതിനെ തുടർന്നാണ് തങ്ങൾ നടപടിയെടുത്തതെന്നും ആരെയും പേടിച്ചല്ല ജീവിക്കുന്നതെന്നും ഉദ്യോഗസ്ഥൻ തിരിച്ചടിച്ചു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നതോടെ സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
















