ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. കുട്ടിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട്ടെ പ്രത്യേക അന്വേഷണസംഘവും കർണാടകയിലെ തിരിച്ചിൽ സംഘത്തിലുണ്ട്.
പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ നൂറംഗ പ്രത്യേക സംഘം തെർമൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വിപുലമായ പരിശോധനയാണ് നടത്തുന്നത്.
കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാകാമെന്ന ഗുരുതരമായ ആരോപണമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. തന്റെ മകൾക്ക് ലഹരി നൽകി ആരെങ്കിലും അപായപ്പെടുത്തിയോ എന്ന് ഭയപ്പെടുന്നതായി അമ്മ രേണുക കണ്ണീരോടെ പങ്കുവെച്ചു.
വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് ആരെങ്കിലും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കാണാതായി 60 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ശ്രീനന്ദയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ചിക്കമഗളുരുവിൽ തന്നെ തുടരുകയാണ് മാതാപിതാക്കൾ.
















