ചെമ്മീൻ കറി, ചെമ്മീൻ റോസ്റ്റ് എന്നിവയൊക്കെ നമ്മുടെ കേരള സ്റ്റൈൽ നാടൻ കറികളാണ്. പെട്ടെന്നു ലഭ്യമാകുന്ന ചേരുവകളൊക്കെ അരച്ച് തിളപ്പിച്ച്, ഉണക്ക ചെമ്മീനും ചേർത്ത് കുറുക്കിയെടുക്കുന്ന ഇത്തരം കറികൾ കണ്ടാൽ തന്നെ നാവിൽ കൊതിയൂറും.
ചേരുവകൾ
ചുവന്നുള്ളി- 5
പച്ചമുളക്- 4
ഇഞ്ചി- 1 ചെറിയ കഷ്ണം
തേങ്ങ- 1 കപ്പ്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
കാശ്മീരിമുളകുപൊടി- 1.5 ടീസ്പൂൺ
മുളകുപൊടി- 1.5 ടീസ്പൂൺ
മല്ലിപ്പൊടി- 1/2 ടീസ്പൂൺ
വെള്ളം- 3 കപ്പ്
ചെമ്മീൻ- 1/2 കപ്പ്
മുരിങ്ങക്കോൽ- 1
പച്ചമാങ്ങ- 1
കറിവേപ്പില
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
അഞ്ച് ചുവന്നുള്ളി, നാല് പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചതച്ചെടുക്കുക.
ഒരു കപ്പ് തേങ്ങ ചിരകിയത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒന്നര ടീസ്മുപൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി എന്നിവയിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കഴുകിയെടുത്ത ഉണക്കചെമ്മീൻ ചേർത്ത് ഇടത്തരം തീയിൽ വറുക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വറുത്തെടുത്ത ചെമ്മീനൊപ്പം, ചതച്ചു വച്ച ചുവന്നുള്ളിയും പച്ചമുളകും, ആവശ്യത്തിന് ഉപ്പും, കുറച്ച് കറിവേപ്പിലയും, ഒരു മുരിങ്ങക്കോൽ കഷ്ണങ്ങളാക്കിയതും, മൂന്ന് കപ്പ് വെള്ളവും ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. വെന്തു വരുമ്പോൾ ഒരു പച്ചമാങ്ങ ചെറിയ കഷ്ണങ്ങളാക്കിയത് ചേർത്ത് ഇടത്തരം തീയിൽ അടച്ചു വച്ച് വേവിക്കുക. തിളച്ചു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് വീണ്ടും അടച്ച് ഇടത്തരം തീയിൽ വേവിക്കുക. ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി പത്ത് ചുവന്നുള്ളി അരിഞ്ഞത്, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക. തിളച്ച് കുറുകി വന്ന കറിയിലേക്ക് ഇത് ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. ചൂട് ചോറിനൊപ്പം കഴിച്ചു നോക്കൂ.
















