മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോട് ചേർന്നുള്ള ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ മിൽമ എറണാകുളം യൂണിയൻ നൽകിയ ഹർജി കോടതി തള്ളി. മൂന്നാർ ടൗണിലെ രണ്ടേക്കർ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമി ആദ്യം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിനാണ് സർക്കാർ നൽകിയിരുന്നത്. പിന്നീട് മിൽക്ക് ചില്ലിങ് പ്ലാന്റ് സ്ഥാപിക്കാനായി ഇത് മിൽമ എറണാകുളം യൂണിയന് കൈമാറി.
എന്നാൽ, ഇതിൽ 1.30 ഏക്കർ ഭൂമി കെ.എൽ.ഡി.ബിക്ക് തന്നെ തിരിച്ചുനൽകാൻ സർക്കാർ ഉത്തരവിടുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും ഭൂമിയിൽ തങ്ങൾക്ക് കൈവശാവകാശമുണ്ടെന്നുമാണ് മിൽമ കോടതിയിൽ വാദിച്ചത്.
മിൽമയുടെ ആവശ്യങ്ങൾക്കായി മാത്രമാണ് ഭൂമി വിട്ടുനൽകിയതെന്നും, പൊതുതാൽപര്യാർത്ഥം ലൈവ്സ്റ്റോക്ക് ബോർഡിന്റെ പദ്ധതികൾക്കായി ഭൂമി തിരിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.
ചില്ലിങ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന ഭാഗത്ത് കേന്ദ്ര സർക്കാർ അനുമതിയോടെയുള്ള പുതിയ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പമ്പ് ഹൗസ് ഉൾപ്പെടുന്ന ഭൂമിയും തിരിച്ചെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
















