കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആൽ എൽ നിതിൻരാജിന്റെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല.
മരണത്തിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെ പരാതി സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. റാഗിംഗിനും ജാതി വിവേചനത്തിനും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തെക്കുറിച്ച് അധ്യാപകരോടും വകുപ്പ് മേധാവികളോടും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന മാതാപിതാക്കളുടെ ആരോപണം ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.
നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും കലാലയങ്ങളിൽ ജാതി വിവേചനം നിലനിൽക്കുന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്ത് വർഷത്തെ സിപിഎം ഭരണത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചതായും ചെന്നിത്തല കുറ്റപ്പെടുത്തി.
















