വമ്പൻ ഹൈപ്പിൽ എത്തിയ വിഘ്‌നേഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ലവ് ഇൻഷുറൻസ് കമ്പനി’. ഇപ്പോഴിതാ ചിത്രം ബോക്‌സ് ഓഫിസിൽ പരാജയപ്പെടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ചിത്രത്തെ പരിഹസിച്ച് നടി മാനുഷി ഖൈർ. തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ടിരിക്കുന്ന തന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് മാനുഷി ചിത്രത്തിനെതിരെ രംഗത്തെത്തിയത്.
തമിഴ് സിനിമയിൽ പുതിയൊരു സയൻസ് ഫിക്ഷൻ റോം-കോം പരീക്ഷണം എന്ന നിലയിലാണ് ചിത്രം എത്തിയതെങ്കിലും തിയറ്ററിൽ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
‘കിഡ്‌നി ടച്ചിങ് മൂവി ഓഫ് ദി ഇയർ’ എന്ന പരിഹാസരൂപേണയുള്ള കുറിപ്പോടെയാണ് മാനുഷി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ തിരക്കഥയിലെ അവ്യക്തതയെയും മേക്കിങ്ങിലെ പോരായ്മകളെയും തമാശരൂപേണ വിമർശിക്കുകയാണ് താരം ഇതിലൂടെ ചെയ്തത്.
വിഘ്‌നേഷ് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ലവ് ഇൻഷുറൻസ് കമ്പനി’ 2040ലെ ഭാവിയെ പശ്ചാത്തലമാക്കി ഒരുക്കിയ ഒരു ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ കോമഡിയാണ്. പ്രണയബന്ധങ്ങൾ പോലും ‘എൽ.ഐ.കെ’ എന്ന ആപ്പിലൂടെ ഇൻഷുറൻസ് ചെയ്യപ്പെടുന്ന കാലത്ത്, സ്വാഭാവിക പ്രണയത്തിൽ വിശ്വസിക്കുന്ന നായകനും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ബന്ധങ്ങളെ ഇഷ്ടപ്പെടുന്ന നായികയും തമ്മിലുള്ള വൈരുദ്ധ്യമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
പ്രദീപ് രംഗനാഥന്റെ മികച്ച കോമഡി ടൈമിങ്ങും എസ്.ജെ. സൂര്യയുടെ തകർപ്പൻ പ്രകടനവും അനിരുദ്ധിന്റെ സംഗീതവും ചിത്രത്തിന് കരുത്ത് പകരുന്നുണ്ടെങ്കിലും, തിരക്കഥയിലെ അവ്യക്തതയും സങ്കീർണ്ണമായ കഥാപരിസരവും പലപ്പോഴും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നുണ്ട്. സയൻസ് ഫിക്ഷനും തമിഴ് സിനിമയുടെ പതിവ് ചേരുവകളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ പൂർണ്ണമായും സാധിക്കാത്തതിനാൽ, തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളിതാരമാണ് മാനുഷി ഖൈർ. 15-ാം വയസ്സിൽ മോഡലിങ്ങിലൂടെയാണ് മാനുഷി കരിയർ ആരംഭിച്ചത്. 19-ാം വയസ്സിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവീനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മാനുഷി ഖൈർ ഇപ്പോൾ ബോളിവുഡിലും കോളിവുഡിലും സജീവമാണ്. ടൊവീനോ ചിത്രത്തിലെ ഏറെ സങ്കീർണതകൾ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാർന്ന പ്രകടനത്തോടെ മികവുറ്റതാക്കി. ചെന്നൈയിലെ പ്രശസ്തമായ ‘കൂത്ത്-പി-പട്ടറൈ’ എന്ന തിയറ്റർ ഗ്രൂപ്പിൽ നിന്ന് പരിശീലനം നേടിയ മാനുഷി മികച്ചൊരു തിയറ്റർ ആർട്ടിസ്റ്റ് കൂടിയാണ്.
















