കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി തമിഴ്‌നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളാണ് ഹസീന ഉന്നയിച്ചിരിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിൽ നടൻ വിജയ്‍യുടെ പാർട്ടിയായ ടിവികെയുമായി (TVK) സഖ്യമുണ്ടാക്കാൻ കെ.സി. വേണുഗോപാൽ നീക്കം നടത്തിയെന്ന് ഹസീന വെളിപ്പെടുത്തി.
തമിഴ്‌നാട്ടിലെ നിലവിലെ ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയ്‍യുടെ പാർട്ടിയുമായി കൈകോർക്കാനായിരുന്നു വേണുഗോപാലിന്റെ നീക്കം. വിജയ് ആരാധകരുടെ പിന്തുണ വഴി കേരളത്തിലും സ്വാധീനമുണ്ടാക്കാമെന്നും ഇത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ തന്നെ സഹായിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടി. വിജയ് കേരളത്തിലും വോട്ട് നേടിത്തരുമെന്നായിരുന്നു വേണുഗോപാലിന്റെ വാദമെന്നും ഹസീന ആരോപിച്ചു. എന്നാൽ അവസാന നിമിഷം ഈ നീക്കം പാളുകയായിരുന്നു.
സഖ്യവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ നടന്ന യോഗത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ വാക്പോരിന് കാരണമായതായി ഹസീന പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിനുമായി ചർച്ച നടത്താൻ കെ.സി. വേണുഗോപാൽ എത്തിയ ദിവസവും പാർട്ടി നേതാക്കൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. സ്ഥാനാർത്ഥി നിർണ്ണയത്തിലും വേണുഗോപാൽ ഇടപെട്ടതായി പരാതിയുണ്ട്. രാഹുൽ ഗാന്ധി പങ്കെടുത്ത സിഇസി യോഗത്തിൽ ധാരണയിലെത്തിയ പട്ടിക വേണുഗോപാൽ അട്ടിമറിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.
















