ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ ചർച്ചയ്ക്ക് എടുക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും. ലോകസഭയിൽ ബിൽ പാസ്സായാൽ ശനിയാഴ്ച അത് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.
എന്നാൽ, കേന്ദ്ര സർക്കാറിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാടിലാണ്. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് വിലയിരുത്തുന്ന പ്രതിപക്ഷം, ഡൽഹിയിൽ ചേർന്ന യോഗത്തിൽ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ചു.
നിലവിലുള്ള 543 സീറ്റുകളിൽ തന്നെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യണമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആവശ്യം. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോട് യോജിക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം, സർക്കാരിന്റേത് സ്ത്രീ ശാക്തീകരണമല്ല മറിച്ച് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കുറ്റപ്പെടുത്തി.
ബിൽ പാസ്സാക്കാൻ 360 അംഗങ്ങളുടെ പിന്തുണ ആവശ്യമായതിനാൽ, പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പ് ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇന്ന് സഭയിൽ നടത്തുന്ന പ്രസംഗങ്ങൾ വിഷയത്തിൽ നിർണ്ണായകമാകും.
















