ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണം എങ്ങുമെത്താതെ നിലയ്ക്കുന്നു. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനായി ജനുവരിയിൽ തുടക്കം കുറിച്ച ഇഡി, മാസങ്ങൾ പിന്നിട്ടിട്ടും പ്രധാന പ്രതികളിലേക്ക് എത്തുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനിടെ അന്വേഷണത്തിന് നേതൃത്വം നൽകിയ ഉന്നത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കേസ് അന്വേഷിച്ചിരുന്ന ഇഡി അഡീഷണൽ ഡയറക്ടർ അശുഘോഷിനെ കഴിഞ്ഞ ദിവസമാണ് അലഹബാദിലേക്ക് സ്ഥലം മാറ്റിയത്. പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റെങ്കിലും ശബരിമല കേസിലെ ഫയലുകൾ പരിശോധിക്കുന്നതിലോ തുടർനടപടികൾ സ്വീകരിക്കുന്നതിലോ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല. ഇതോടെ കേസ് അട്ടിമറിക്കപ്പെടുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്. നേരത്തെ മുരാരി ബാബു അടക്കമുള്ള ചിലരെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസിലെ നിർണ്ണായക കണ്ണികളായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരെ ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടില്ല.
സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ സാമ്പത്തിക സ്രോതസ്സുകളുണ്ടെന്ന സൂചനകൾ നിലനിൽക്കുമ്പോഴും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇഡി അന്വേഷണം നിലച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും (SIT) കേസിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും എസ്ഐടി ഇതുവരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
















