തലസ്ഥാനത്തുണ്ടായ വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് പോലീസിന്റെ ക്ലീൻ ചിറ്റ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന ഗുരുതരമായ കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. രക്തസാമ്പിൾ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് നടൻ കുറ്റവിമുക്തനായത്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് മണിയൻപിള്ള രാജുവിന്റെ കാർ റോഡിലേക്കിറങ്ങവേ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. സംഭവദിവസം നടനെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിവാദങ്ങൾക്കും സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് പിറ്റേദിവസം അദ്ദേഹം നേരിട്ട് സ്റ്റേഷനിലെത്തി അറസ്റ്റ് വരിക്കുകയായിരുന്നു.
താൻ മദ്യപിച്ചിരുന്നില്ലെന്ന വാദത്തിൽ മണിയൻപിള്ള രാജു തുടക്കം മുതൽ ഉറച്ചുനിന്നിരുന്നു. ഇത് സ്ഥിരീകരിക്കാനായി പോലീസ് ശേഖരിച്ച രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. രണ്ട് മാസത്തിന് ശേഷം ലഭിച്ച പരിശോധനാ ഫലത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. കൂടാതെ, അപകടസമയത്ത് കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പോലീസ് സ്ഥിരീകരിച്ചു.
















