ഇന്ന് കൈനിറയെ സിനിമകളുള്ള താരമാണ് ഫഹദ് ഫാസിൽ. തമിഴിലും തെലുങ്കിലുമെല്ലാം താരം സജീവമാണ്. ഇപ്പോഴിതാ ഫഹദ് രണ്ടാം വരവിന്‍റെ തുടക്ക സമയത്ത് അഭിനയിച്ച് ഹിറ്റ് ആയ ഒരു ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രതിഫലക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.
ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ റിമ കല്ലിങ്കലും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ല്‍ പുറത്തെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ പ്രതിഫലമാണ് ഇത്. വ്യവസായി ഒ ജി സുനില്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. തന്‍റെ യുട്യൂബ് ചാനലിലൂടെ ഈ ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെക്കവെയാണ് സുനില്‍ ഫഹദിന് നല്‍കിയ പ്രതിഫലത്തെക്കുറിച്ചും പറയുന്നത്.
ഫഹദ് ഇന്ന് കോടികള്‍ ഒക്കെ മേടിക്കുന്നുണ്ടാവും. അന്ന് ഫഹദിന് ഞാന്‍ നാല് ലക്ഷം രൂപയാണ് കൊടുത്തത്. ഇന്ന് 40 കോടി മേടിക്കുന്നുണ്ടാവുമെന്ന് തോന്നുന്നു. എനിക്കറിയില്ല, എത്ര കോടി മേടിക്കുന്നുണ്ടെന്ന്, ഒ ജി സുനില്‍ പറയുന്നു. രണ്ടാം വരവില്‍ ഫഹദ് സോളോ ഹീറോ ആയി അഭിനയിച്ച ആദ്യ ചിത്രമായിരുന്നു 22 ഫീമെയില്‍ കോട്ടയം. തൊട്ടുമുന്‍പത്തെ വര്‍ഷം പുറത്തിറങ്ങിയ ചാപ്പ കുരിശില്‍ അഭിനയിച്ചതിന് ഫഹദിന് താന്‍ നല്‍കിയത് ഒരു ലക്ഷം രൂപ ആയിരുന്നെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.
















