ലോകത്തെ മുൾമുനയിൽ നിർത്തി ഇറാൻ-അമേരിക്ക താൽക്കാലിക വെടിനിർത്തൽ കരാറിന്റെ സമയപരിധി നാളെ അവസാനിക്കുന്നു. സമാധാനശ്രമങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ മേഖലയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുകയാണ്. വെടിനിർത്തൽ നീട്ടാൻ തങ്ങൾ തയ്യാറല്ലെന്ന കർശന നിലപാടിലാണ് വൈറ്റ് ഹൗസ്. ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്ക് തിരിക്കാനിരിക്കെ, വഴങ്ങില്ലെന്ന സൂചനയാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധമാണ് നിലവിൽ ചർച്ചകളെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകം. ഉപരോധം പിൻവലിക്കാതെ ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, സമാധാന ധാരണയിൽ ഒപ്പുവെക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വാശി ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാക്കിസ്ഥാൻ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേരിട്ട് ഇസ്ലാമാബാദിലെത്തി ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
യുദ്ധം തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത പുതിയ യുദ്ധതന്ത്രങ്ങളും അടവുകളും തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് മുന്നറിയിപ്പ് നൽകി. ചൈനയിൽ നിന്ന് ഇറാനിലേക്ക് വരികയായിരുന്ന കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതാണ് ഇറാന്റെ പ്രകോപനം വർദ്ധിപ്പിച്ചത്. മിസൈൽ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ ഈ കപ്പലിലുണ്ടായിരുന്നുവെന്ന് പ്രചാരണമുണ്ടെങ്കിലും ഇറാൻ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കപ്പൽ പിടിച്ചെടുത്തതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് ഇറാൻ ആവർത്തിച്ചു.
















