പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയാകുന്നു. ബുധനാഴ്ച നിലവിലുള്ള വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നത്. ചർച്ചകളിൽ നിർണ്ണായകമായ പുരോഗതി ഉണ്ടായാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടോ വീഡിയോ കോൺഫറൻസ് വഴിയോ ചർച്ചയുടെ ഭാഗമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചർച്ചകൾക്കായി ഇസ്‌ലാമാബാദിലെത്തുന്നത്. ഒരു കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ താൻ നേരിട്ട് പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇറാനുമായുള്ള എണ്ണ വ്യാപാര തർക്കങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽ പിടിച്ചെടുക്കൽ അടക്കമുള്ള വിഷയങ്ങളും പരിഹരിച്ച് ആഗോള വിപണിയിലെ അനിശ്ചിതത്വം നീക്കാനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്.
തുടക്കത്തിൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന സൂചന നൽകിയ ഇറാൻ, നിലവിൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് പോസിറ്റീവായി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസിൽ അമേരിക്ക നടത്തിയ നീക്കങ്ങളിൽ ഇറാൻ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും, ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി
















