മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരിച്ച സാഹചര്യത്തിൽ, ഈ വർഷത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
വെടിക്കെട്ട് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിട്ടുനൽകാനാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പാറമേക്കാവ് ദേവസ്വവുമായി ഉടൻ കൂടിയാലോചനകൾ നടത്തും.
സർക്കാർ കർശന നിയന്ത്രണമോ വെടിക്കെട്ട് നിരോധനമോ നിർദ്ദേശിച്ചാൽ അക്കാര്യത്തിൽ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ദേവസ്വം വൃത്തങ്ങൾ അറിയിച്ചു.
മുണ്ടത്തിക്കോട്ട് ഉണ്ടായ അപകടത്തിൽ മരിച്ച 13 പേരിൽ ആറ് പേരെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. പരിക്കേറ്റ 13 പേർ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങൾ തിരിച്ചറിയാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലെ വിദഗ്ധർ ഇന്ന് സാമ്പിളുകൾ ശേഖരിക്കും. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
















