തൃശ്ശൂരിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 14 ലക്ഷം രൂപയിൽ, 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുക. ബാക്കി 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ലഭ്യമാക്കും. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
വെടിക്കെട്ട് അപകടത്തിന്റെ കാരണങ്ങൾ, സുരക്ഷാ വീഴ്ചകൾ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്നിവ പരിശോധിക്കാനാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
















