കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ഡിജിപി പദവിയിലെത്തിയ ആർ. ശ്രീലേഖ, തന്റെ മുൻ സഹപ്രവർത്തകർക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധത്തിന്റെ മുൻനിരയിൽ. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനു മുന്നിൽ മഹിളാ മോർച്ച നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന ശ്രീലേഖ, പാർട്ടി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് സമരത്തിന് നേതൃത്വം നൽകിയത്.
വട്ടിയൂർക്കാവിൽ ബിജെപി – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോർച്ചയുടെ സ്റ്റേഷൻ മാർച്ച്. ‘കാക്കിയിട്ട ഗുണ്ടകളെ’, ‘പിണറായിയുടെ തെമ്മാടികളെ’ തുടങ്ങി പോലീസിനെതിരെ ഉയർന്ന കടുത്ത മുദ്രാവാക്യങ്ങൾ ശ്രീലേഖയും ഏറ്റ് ചൊല്ലി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മണ്ണാറക്കോണത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്.മഹിളാ മോർച്ച പ്രവർത്തകരെ തടയാൻ വൻ സന്നാഹമാണ് പോലീസ് ഒരുക്കിയിരുന്നത്. സ്റ്റേഷന്റെ പ്രധാന കവാടം വൈകിട്ട് നാലുമണിയോടെ തന്നെ അടച്ചുപൂട്ടി. നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാരെയും ക്യാമ്പ് അംഗങ്ങളെയും ഇവിടെ വിന്യസിച്ചിരുന്നു. മഴയെ അവഗണിച്ച് എത്തിയ പ്രവർത്തകർ പോലീസ് സ്ഥാപിച്ച ഇരുമ്പ് വേലികൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചു. ഇതിനിടെ വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാർ നേരിട്ടത് വാക്കേറ്റത്തിനും ഉന്തിനും തള്ളിനും ഇടയാക്കി.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നതോടെ വട്ടിയൂർക്കാവ് ജംഗ്ഷനിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ കൗൺസിലർ ഉൾപ്പെടെയുള്ള ആറ് വനിതാ പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വട്ടിയൂർക്കാവ് ഇൻസ്പെക്ടർ വിപിനെതിരെയായിരുന്നു സമരക്കാരുടെ പ്രധാന പ്രതിഷേധം. സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ. ശ്രീലേഖ പോലീസിന്റെ നിലപാടുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
















