പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള നിർണ്ണായക നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വീണ്ടും പാകിസ്താൻ സന്ദർശിക്കാനൊരുങ്ങുന്നു. ഒമാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇസ്ലാമാബാദിലെത്തുന്ന അദ്ദേഹം, അവിടെ നിന്ന് റഷ്യയിലേക്കാകും യാത്ര തിരിക്കുകയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗികമായ ചട്ടക്കൂടുകളെക്കുറിച്ച് മധ്യസ്ഥ രാജ്യമായ പാകിസ്താനുമായി ഇറാൻ ചർച്ചകൾ നടത്തിവരികയാണ്.
അതേസമയം, അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ വരവിനായി കാത്തുനിൽക്കാതെ ഇറാൻ സംഘം ഇന്നലെ ഇസ്ലാമാബാദ് വിട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായി. നയതന്ത്ര നീക്കങ്ങളെ അമേരിക്ക എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്ന് അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാൻ സംഘം മടങ്ങിയതിനെത്തുടർന്ന് അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ നിശ്ചയിച്ചിരുന്ന പാകിസ്താൻ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഇറാന് എപ്പോൾ വേണമെങ്കിലും അമേരിക്കയെ ബന്ധപ്പെടാമെന്നും ഇത്തരം യാത്രകൾക്കായി സമയം പാഴാക്കാനില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ, ഇറാനിലെ ചാബഹാർ തുറമുഖത്തിന് അമേരിക്ക അനുവദിച്ചിരുന്ന ഉപരോധ ഇളവ് ഇന്ന് അവസാനിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ തന്ത്രപ്രധാന തുറമുഖത്തിന്റെ നടത്തിപ്പ് ഒരു ഇറാനിയൻ കമ്പനിക്ക് താൽക്കാലികമായി കൈമാറാനാണ് നിലവിലെ നീക്കം. ഉപരോധം നീങ്ങുന്ന മുറയ്ക്ക് തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് തിരിച്ചുനൽകണമെന്ന കർശന വ്യവസ്ഥയോടെയാകും ഈ കൈമാറ്റം നടക്കുക.
പാകിസ്താനെ ആശ്രയിക്കാതെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപാരം സാധ്യമാക്കുന്ന ചാബഹാർ തുറമുഖത്ത് 2003 മുതൽ ഏകദേശം 12 കോടി ഡോളറാണ് ഇന്ത്യ നിക്ഷേപിച്ചിട്ടുള്ളത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ചാബഹാറിന് മേൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയുടെ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്താണ് ആറുമാസത്തേക്ക് ഇളവ് നൽകിയിരുന്നത്. 2024-ൽ ഒപ്പിട്ട 10 വർഷത്തെ കരാർ പ്രകാരം മുന്നോട്ട് പോകാൻ ഇന്ത്യക്ക് ഈ ഉപരോധം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
















