സംസ്ഥാനത്ത് ആശങ്ക പടർത്തി പാമ്പുകടി മരണങ്ങൾ തുടരുന്നു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ മുതുകുട സ്വദേശിനി നബീസ (70) ചികിത്സയിലിരിക്കെ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയെ പാമ്പുകടിയേറ്റ നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകി വെന്റിലേറ്ററിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ‘ശംഖുവരയൻ’ പാമ്പാണ് ഇവരെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി.
എറണാകുളം ചെറായിയിൽ റിസോർട്ടിൽ താമസിക്കാനെത്തിയ വിനോദസഞ്ചാരിക്കും പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് പരിക്കേറ്റത്. കാലിന്റെ വിരലിൽ കടിയേറ്റ ഇവരെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ഞലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഏത് ഇനം പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല. അധികൃതർ റിസോർട്ട് പരിസരം പരിശോധിച്ചു വരികയാണ്.
കൊല്ലം രാമൻകുളങ്ങരയിൽ പരിസരം വൃത്തിയാക്കുന്നതിനിടെ ഒരാൾക്ക് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ സുദേവന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.
















