കൊച്ചിയിൽ ചെറായി ബീച്ചിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് വിനോദസഞ്ചാരിക്ക് പാമ്പ് കടിയേറ്റു.റിസോർട്ടിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ തമിഴ്‌നാട് സ്വദേശിനി ശർമിളയ്ക്കാണ് (38) പാമ്പ് കടിയേറ്റത്.
ഇന്നലെ രാവിലെ ആണ് സംഭവം നടന്നത്.കോയമ്പത്തൂർ സ്വദേശിയായ ശർമിള, ഭർത്താവ് വരുൺ, മകൾ വർഷ എന്നിവർക്കൊപ്പമാണ് ചെറായി സന്ദർശിക്കാനെത്തിയത്. റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇവർ, രാവിലെ പുറത്തെ പുൽത്തകിടിയിൽ ഇരിക്കുമ്പോഴാണ് ശർമിളയുടെ കാലിൽ പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ബന്ധുക്കളും റിസോർട്ട് ജീവനക്കാരും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പ്രാഥമിക പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. എങ്കിലും വിദഗ്ധ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി ഇവരെ ചാലാക്കയിലുള്ള ശ്രീനാരായണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം.
















