കേരളം നേരിട്ടുകൊണ്ടിരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേന്ദ്ര വിഹിതമായി കൂടുതൽ വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്നുമുതൽ സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത് ലോഡ് ഷെഡിങ് അല്ലെന്നും അമിതഭാരം മൂലം ലൈനുകൾ ട്രിപ്പായതാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതീക്ഷിക്കാത്ത രീതിയിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും ഉഷ്ണതരംഗവുമാണ് വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടിയതെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പം സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചതും വൈദ്യുതി വിതരണ ശൃംഖലയെ ബാധിച്ചു. “ഉഷ്ണതരംഗം ഇത്തരത്തിൽ ബാധിക്കുമെന്ന് ആരും മുൻകൂട്ടി കണ്ടിരുന്നില്ല. ഗൾഫ് യുദ്ധം പോലെ അപ്രതീക്ഷിതമായാണ് ഈ പ്രതിസന്ധിയും ഉണ്ടായത്,” മന്ത്രി കൂട്ടിച്ചേർത്തു. മുൻകരുതൽ എടുത്തില്ലെന്ന ആക്ഷേപങ്ങൾ അദ്ദേഹം തള്ളി.
സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് പരിസ്ഥിതിവാദികളാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. പല ജലവൈദ്യുത പദ്ധതികളും നടപ്പിലാക്കാൻ സാധിക്കാത്തത് ഇവരുടെ അനാവശ്യ ഇടപെടലുകൾ മൂലമാണ്. “ബാഗും തൂക്കി വരുന്ന ചില പരിസ്ഥിതിവാദികൾ കാക്കയ്ക്ക് പറക്കാനാകില്ല എന്നതുപോലുള്ള ബാലിശമായ കാരണങ്ങൾ പറഞ്ഞാണ് പദ്ധതികൾ തടസ്സപ്പെടുത്തുന്നത്,” എന്ന് മന്ത്രി പരിഹസിച്ചു.നിലവിൽ കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത് ഇത്തരം സാഹചര്യങ്ങൾ കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ റെഗുലേറ്ററി കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തെ മന്ത്രി പരോക്ഷമായി വിമർശിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കമ്മീഷന് ഉത്തരവാദിത്തമുണ്ട്. കെഎസ്ഇബിയുടെ പെറ്റീഷനുകളിൽ നടപടിയെടുക്കാൻ എന്തുകൊണ്ട് വൈകി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും, ഉചിതമായ വേദികളിൽ ഇക്കാര്യം ഉന്നയിക്കുമെന്നും കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
















