ക്രൂഡ് ഓയില്‍ വിലയുടെ കുതിപ്പിന്റെ ഭാരം കേരളത്തിലെ ഓരോ അടുക്കളയെയും ആളിക്കത്തിക്കുന്നു. നട്ടം തിരിഞ്ഞ് നില്‍ക്കുന്ന സാധാരണക്കാരെ മുട്ടുകുത്തിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരും എടുത്തിരിക്കുന്നത്. ക്രമാതീതമായ വിലവര്‍ദ്ധനവ് വരുത്തയ ഓയില്‍ കമ്പനികള്‍ക്കെതിരേ ഒന്നും ചെയ്യാനാകാതെ സര്‍ക്കാരുകള്‍ നില്‍ക്കുമ്പോള്‍ രാജ്യത്തെ ഓരോ വീടുകളിലെയും അടുക്കളകളില്‍ തീ ആളിപ്പടരുകയാണ്. വീട്ടമ്മമാര്‍ തളര്‍ന്നിരിക്കുന്നു. എല്‍പിജി സിലിണ്ടറിന്റെ വില പൊതുമേഖലാ എണ്ണക്കമ്പനികള്‍ 1000 രൂപയ്ക്കടുത്ത് കൂട്ടിയിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് ഇതുവരെ പറഞ്ഞ കേന്ദ്രസര്‍ക്കാരും മലക്കംമറിയുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.
ഇത് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോക റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍.പി.ജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍ സാധാരണ ജനങ്ങളെ പിഴിയുകയാണ് ചെയ്യുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇതോടെ സിലിണ്ടര്‍ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില.
തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വിലവര്‍ധിച്ചത് ഭക്ഷണവിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 60-65 ഡോളറില്‍ തുടരുന്നതാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യമെന്നിരിക്കേ, ഇന്നലെ ബ്രെന്റ് ക്രൂഡ് വില 4 വര്‍ഷത്തെ ഉയരമായ 126 ഡോളറില്‍ എത്തിയിരുന്നു. ഇന്ന് വില 110-111 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
















