ആരാധകർ ഏറെയുള്ള ബോളിവുഡ് നടനാണ് നടൻ മുകേഷ് ഖന്ന. ഇപ്പോഴിതാ പ്രണയം, ബന്ധങ്ങൾ, വിവാഹം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാക്കുകയാണ്.
ഒരു അഭിമുഖത്തിനിടെ, 67-ാം വയസിലും എന്തുകൊണ്ട് അവിവാഹിതനായി തുടരുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകവെയാണ് അദ്ദേഹം മനുഷ്യ ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.
‘നിങ്ങൾ വിവാഹിതനാണെങ്കിൽ, വിശ്വാസ്യത നിലനിർത്താൻ നിങ്ങൾ പ്രതിജ്ഞാബദ്ധനാണ്. സ്ത്രീകൾ പതിവ്രതരായിരിക്കണം എന്ന് എല്ലാവരും പറയുന്നു. എന്നാൽ പുരുഷന്മാരും പതിവ്രതരായിരിക്കണം എന്ന് ആരെങ്കിലും പറയാറുണ്ടോ? രണ്ട് ആത്മാക്കൾ കണ്ടുമുട്ടി എന്നാണ് വിവാഹ ബന്ധത്തെക്കുറിച്ച് ഞാൻ പറയാറുള്ളത്. എന്നാൽ ആളുകൾ അതിലൊന്നും വിശ്വസിക്കുന്നില്ല… ഭാര്യയെ സ്‌നേഹിക്കുന്നു എന്ന് പറയുകയും മറ്റുപലർക്കുമൊപ്പം ചുറ്റിക്കറങ്ങുകയും ചെയ്യുന്നു. അത് ചതിയാണ്.’- അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാഹം കഴിക്കാതിരിക്കാനുള്ള തന്റെ തീരുമാനം വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് ഖന്ന പറയുന്നു. ‘വിവാഹത്തിൽ മറ്റുള്ളവരേക്കാൾ കൂടുതൽ എനിക്ക് വിശ്വാസമുണ്ട്. വിവാഹം ചെയ്തില്ലെങ്കിൽ വിവാഹത്തിൽ വിശ്വസിക്കുന്നില്ലെന്ന് പലരും കരുതുന്നു. അത് ശരിയല്ല. വിവാഹത്തെക്കുറിച്ച് മറ്റുള്ളവരേക്കാൾ കൂടുതൽ എനിക്ക് വിശ്വാസമുണ്ട്. ഭാര്യ യാദൃശ്ചികമായി വരുന്ന ഒന്നല്ല. അവൾ വിധിയിൽ എഴുതപ്പെട്ടവളാണ്. അങ്ങനെ സംഭവിക്കാനായിരുന്നുവെങ്കിൽ, അത് ഇതിനകം സംഭവിച്ചേനെ. ഞാൻ വിവാഹം ചെയ്യാൻ വിധിക്കപ്പെട്ട സ്ത്രീ എവിടെയോ ഉണ്ട്. വിധി ഞങ്ങളെ ഒരുമിപ്പിക്കുമ്പോൾ, അത് സംഭവിക്കും. പ്രായം ഒരു ഘടകമല്ല’- അദ്ദേഹം പറഞ്ഞു.
പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും നടൻ പങ്കുവെച്ചു. പ്രണയം ഒരിക്കൽ മാത്രമേ സംഭവിക്കൂ. അതിനു ശേഷമുള്ളതെല്ലാം കേവലം കാമമോ, ആസക്തിയോ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് ഒരാളോട് പറഞ്ഞശേഷം മറ്റൊരാളിലേക്ക് നീങ്ങുന്നത് നന്ദികെട്ട പ്രവൃത്തിക്ക് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















