ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാകുന്നതിനിടെ നിർണായക നീക്കവുമായി എഐഎഡിഎംകെ. അണ്ണാ ഡിഎംകെ 15 എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. പാർട്ടിയിലെ ചിലർ ടിവികെയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം. ‘ദി ഷോർ ട്രിഷം’ റിസോർട്ടിൽ എംഎൽഎമാർക്കായി 20 മുറികൾ ബുക്ക് ചെയ്തതായാണ് വിവരം.
ടിവികെയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച 15 എംഎൽഎമാരെയാണ് റിസോർട്ടിലേക്ക് മാറ്റിയത് എന്നാണ് റിപ്പോർട്ട്. വിജയ് യ്ക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനകം പല എംഎൽഎമാരും പുതുച്ചേരിയിലെത്തിയെന്നും ശേഷിക്കുന്നവർ ഉടൻ എത്തുമെന്നും മുതിർന്ന നേതാവ് സി.വി. ഷൺമുഖം അറിയിച്ചു.
അതേസമയം, ടിവികെയോട് സിപിഐ സംസ്ഥാന നേതൃത്വത്തിന് അനുകൂല സമീപനമുണ്ടെങ്കിലും, വിഷയത്തിൽ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ബിജെപി സാഹചര്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താതിരിക്കാനുള്ള ജാഗ്രത വേണമെന്ന നിർദേശവും സിപിഎം, സിപിഐ കേന്ദ്രനേതൃത്വങ്ങൾ നൽകിയിട്ടുണ്ട്.
ഭരണത്തിൽ പങ്കാളിത്തവും വർഗീയ പാർട്ടികളുമായുള്ള അകലം പാലിക്കലുമാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ഉപാധികൾ. 108 സീറ്റുകൾ നേടിയ ടിവികെയ്ക്ക് നിലവിൽ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരുടെ പിന്തുണയുണ്ട്.
















