കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി നടക്കുന്ന പോരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആരാകണം മുഖ്യമന്ത്രി എന്നതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നത് വിഭാഗീയതയുടെ കളിയാണ്. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയപ്പോള്‍ പോലും ആരും പ്രതിഷേധിച്ചില്ല. ഈ തെരുവിലെ കളി അവസാനിപ്പിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. സംഘടന മര്യാദ പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ലക്‌സ് കീറിയവര്‍ കോണ്‍ഗ്രസുകാരല്ല കെ.സിക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉണ്ടെങ്കില്‍ അതും നശിപ്പിക്കുമായിരുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും സംഘടന ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെയും എങ്ങനെ തള്ളിക്കളയാന്‍ പറ്റും. തെരുവ് യുദ്ധത്തില്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാക്കളും മിണ്ടുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുമെന്ന് പേടിയാണ് നേതാക്കള്‍ക്ക്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കള്‍ക്ക് അവസാനം വരെ പൊരുതാം. പക്ഷേ തെരുവ് യുദ്ധത്തിനുള അവസരമുണ്ടാക്കരുത്. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ഒരു എതിര്‍ ശബ്ദവും ഉയരില്ല.
ലീഗിനെ വിമര്‍ശിച്ച കുഴല്‍നാടനെതിരേയും ഉണ്ണിത്താന്‍ രംഗത്തെത്തി. കുഴല്‍നാടന്‍ സംഘടനാ മര്യാദ പാലിക്കണം. ലീഗിന് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇടപെടാം. വ്യക്തിയല്ല, പാര്‍ട്ടിയാണ് പ്രധാനമെന്നും എംപി പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ലീഗ് ഉള്‍പ്പടെ എല്ലാവര്‍ക്കും അവകാശം ഉണ്ട്. അവകാശമില്ല എന്ന് ഒരു നേതാവിനും പറയാനാവില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവര്‍ക്കും അറിയാം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
















