അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ വിസികെ പിന്തുണ വിജയ്‌യ്ക്ക്. ഇതോടെ ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷമായി. വിജയ് ഉടന്‍ ഗവര്‍ണറെ കാണും.
ടിവികെ ക്യാംപെയ്ന്‍ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയാണ് ഇക്കാര്യം അറിയിച്ചത്. ഉപാധികളില്ലാതെയാണ് പിന്തുണയെന്നും ആദവ് പറഞ്ഞു. ടിവികെയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ വിജയ്‌യുടെ പിന്തുണ 120 ആയി. ഉപാധികളില്ലാതെയാണ് പിന്തുണ. രണ്ട് എംഎല്‍എമാരുടെ പിന്തുണ കത്ത് കൈമാറി. ടിവികെ – 107, കോണ്‍ഗ്രസ് – 05, സിപിഐഎം-02, സിപിഐ-02, മുസ്ലിം ലീഗ് – 02 എന്നിങ്ങനെയാണ് കക്ഷിനില.
234 നിയോജക മണ്ഡലങ്ങളിലായി പരന്ന് കിടക്കുന്ന തമിഴ്നാട്ടില്‍ വിടുതലൈ ചിരുത്തൈകള്‍ കച്ചിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. ദലിത് രാഷ്ട്രീയം, സാമൂഹ്യനീതി, തമിഴ് ദേശസ്‌നേഹം എന്നിവയെ അടിസ്ഥാനമാക്കി 1990ല്‍ തോള്‍ മാധവന്‍ സ്ഥാപിച്ച പാര്‍ട്ടിയാണ്. ഇന്ത്യയിലെ ജാതി അസമത്വത്തിനെതിരായി അംബേദ്കറുടെ ഉയര്‍ത്തിക്കാട്ടിയ ജാതി ഉന്മൂലനം ലക്ഷ്യമിട്ടാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.
വിസികെ അധ്യക്ഷന്‍ പെരുമാവളവന്‍ ശനിയാഴ്ച രാവിലെ 10 മണിയോടെ നിര്‍ണായക വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞിട്ടും വാര്‍ത്താസമ്മേളനം നീണ്ടുപോകുന്ന സാഹചര്യമാണ് കാണാനായത്. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ക്കൊപ്പം വിസികെ അധ്യക്ഷന്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്.
Story Highlights : TVK gets support from VCK and Muslim League
















