കൊല്ലം നഗരം കേന്ദ്രീകരിച്ച് വ്യാജ രേഖകൾ ചമച്ച് നിയമവിരുദ്ധമായി അവയവക്കച്ചവടം നടത്തിവന്ന സംഘത്തെ കിളികൊല്ലൂർ പോലീസ് പിടികൂടി.
കല്ലുംതാഴം സ്വദേശിനി ശ്രീജ (40), വടക്കേവിളയിൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരാണ് അറസ്റ്റിലായ ഏജന്റുമാർ. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവയവം കൈമാറിയ വിനോദ് എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും വ്യാജ തിരിച്ചറിയൽ രേഖകളും ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ശ്രീജയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. ശ്രീജയുടെ ഫോൺ പരിശോധിച്ചപ്പോൾ എറണാകുളം കേന്ദ്രീകരിച്ച് നടന്ന അവയവക്കച്ചവടത്തിന്റെ സുപ്രധാന വിവരങ്ങളും ഡിജിറ്റൽ തെളിവുകളും പോലീസിന് ലഭിച്ചു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൂട്ടുപ്രതിയായ സുധീറിനെക്കുറിച്ചും അവയവ കൈമാറ്റം നടത്തിയ യുവാവിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നത്.
കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ല് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ നിലവിൽ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
















